Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightTraveloguechevron_rightനശീകരണത്തിനും...

നശീകരണത്തിനും പുനരുദ്ധാരണത്തിനും ഇടനൽകാത്ത കെട്ടിടങ്ങൾ, 400 പടികളുള്ള ഗോപുരം... ഇറ്റലിയിലെ സിയന എന്ന പൗരാണിക പട്ടണത്തിലെ വിശേഷങ്ങൾ അൽപം സ്പെഷലാണ്

text_fields
bookmark_border
നശീകരണത്തിനും പുനരുദ്ധാരണത്തിനും ഇടനൽകാത്ത കെട്ടിടങ്ങൾ, 400 പടികളുള്ള ഗോപുരം... ഇറ്റലിയിലെ സിയന എന്ന പൗരാണിക പട്ടണത്തിലെ വിശേഷങ്ങൾ അൽപം സ്പെഷലാണ്
cancel
camera_alt

സിയനയിലെ കത്തീഡ്രലിന്‍റെ മുകൾത്തട്ട്


വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ മധ്യകാലത്തെ പ്രധാന പട്ടണമായിരുന്നു സിയന. 13ാം നൂറ്റാണ്ടിലെ ഇറ്റലിയിൽ പണമിടപാട് കേന്ദ്രം, സൈനികതാവളം, കച്ചവടകേന്ദ്രം എന്നീ നിലകളിൽ വളരെ പ്രാധാന്യമുള്ള പ്രദേശം. അക്കാലത്ത് അമ്പതിനായിരത്തോളം പേർ ജീവിച്ചിരുന്ന ഇവിടം പാരിസിനേക്കാൾ പ്രാധാന്യമുള്ളതായാണ് ചരിത്രരേഖകളിൽ കാണപ്പെടുന്നത്.

അന്ന് അയൽരാജ്യമായിരുന്ന ഫ്ലോറൻസിന്‍റെ തുടരെയുള്ള ആക്രമണങ്ങളും പ്ലേഗും സിയനയെ തകർത്തുകളഞ്ഞു. എന്നാൽ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അന്നത്തെ വീഴ്ചയിൽനിന്ന് ഈ നാട് ഉയിർത്തെഴുന്നേറ്റിട്ടില്ല. ഒരുപക്ഷേ ഇതായിരിക്കാം നശീകരണത്തിനും പുനരുദ്ധാരണത്തിനും ഇടനൽകാതെ മധ്യകാലത്തെ മിക്ക പ്രധാന മന്ദിരങ്ങളും അതുപോലെതന്നെ നിലനിൽക്കാൻ കാരണം.

വടക്കൻ ഇറ്റലി സന്ദർശിക്കുന്നതിനിടെ ഫ്ലോറൻസിൽനിന്നുള്ള ഒന്നര മണിക്കൂർ ട്രെയിൻ യാത്രയാണ് ഞങ്ങളെ സിയനയിൽ എത്തിച്ചത്.

സിയനയിലെ പ്രസിദ്ധമായ ചത്വരം


‘കളറു’ള്ള പട്ടണം

സിയന എന്നത് മധ്യകാലത്ത് ചിത്രകാരന്മാർ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു നിറത്തിന്‍റെ പേരാണ്. അയൺ ഓക്സൈഡും മാംഗനീസ് ഓക്സൈഡും അടങ്ങിയ നിറക്കൂട്ട്. സ്വാഭാവിക അവസ്ഥയിൽ ഇത് മഞ്ഞകലർന്ന തവിട്ടുനിറമാണ്.

ഇതിനെ ‘റോ സിയന’ എന്നും ഇത് ചൂടാക്കുമ്പോൾ കിട്ടുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തെ ‘ബേൺട് സിയന’ എന്നും വിളിക്കുന്നു. ഇത് കൂടുതൽ വ്യാപകമായി ഉൽപാദിപ്പിക്കപ്പെട്ട നാട്ടുരാജ്യമായതിനാൽ ഇവിടം സിയന എന്നറിയപ്പെട്ടു.

നവോത്ഥാനകാലം മുതൽ, കലാകാരന്മാർ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന നിറങ്ങളിൽ ഒന്നാണിത്. ജോർജിയോ വസാരി, കരെവാജിയോ, റെംബ്രാൻഡ് എന്നിവരുടെ ചിത്രങ്ങളിൽ ഈ നിറം ധാരാളമായി ഉപയോഗിച്ചതായി കാണാം.

പാലിയോ ഡി സിയനയിലെ കുതിരയോട്ട മത്സരം

പിയാസ ഡെൽകാമ്പോയിലാണ് മധ്യകാലം മുതൽ തുടർന്നുവരുന്ന കുതിരയോട്ട മത്സരമായ പാലിയോ ഡി സിയന (Palio di Siena) വർഷത്തിൽ രണ്ടു പ്രാവശ്യം നടക്കുന്നത് (ജൂലൈ രണ്ടിനും ആഗസ്റ്റ് 16നും). സിയനയുടെ ചുറ്റുമുള്ള 17 ചെറുപട്ടണങ്ങളുടെ പങ്കാളിത്തത്തോടെയാണ് കുതിരപ്പന്തയം നടക്കുന്നത്.

മത്സരത്തലേന്ന് പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും സംഘാടകരും ചേർന്ന് വലിയൊരു ഡിന്നർ ഈ ചത്വരത്തിൽ നടത്തും. അതുമായി ബന്ധപ്പെട്ട് ധാരാളം ആഘോഷപരിപാടികളും സംഘടിപ്പിക്കും. രാത്രി ഏറെ വൈകിയും ആഘോഷം നീളും.

ഈ ദിവസങ്ങളിൽ മധ്യകാലത്തെ വേഷവിതാനങ്ങളോടുകൂടിയ ഘോഷയാത്രകളും മറ്റു പ്രകടനങ്ങളും തെരുവുകളെ ആഘോഷപൂർണമാക്കും. മത്സരത്തിന് പ്രത്യേക നിയമങ്ങൾ ഒന്നുമില്ല. ചത്വരത്തിന് ചുറ്റുമുള്ള ട്രാക്കിലൂടെ മൂന്നുപ്രാവശ്യം ഓടി ആദ്യം എത്തുന്ന കുതിരക്കും കുതിരക്കാരനും സമ്മാനം ലഭിക്കും.

വിജയിയെ ചർച്ചിന്‍റെ അകത്തേക്ക് ആനയിച്ച് അവിടെവെച്ച് കന്യാമറിയത്തിന്‍റെ ചിത്രമുള്ള ബാനർ സമ്മാനമായി നൽകും. പണമോ മെഡലുകളോ ഒന്നുമില്ല.

പഴയ ബാങ്കും യൂറോപ്പിലെ പഴയ യൂനിവേഴ്സിറ്റിയും

1472 മാർച്ച് നാലിന് സിയനയിൽ സ്ഥാപിക്കപ്പെട്ട മോണ്ടെ ഡെയ് പാസ്ചി ബാങ്ക് ലോകത്തിലെ ഏറ്റവും പഴയ ബാങ്കായി കണക്കാക്കപ്പെടുന്നു. 1240ലാണ് യൂറോപ്പിലെതന്നെ ഏറ്റവും പഴയ യൂനിവേഴ്സിറ്റികളിലൊന്നായ യൂനിവേഴ്സിറ്റി ഓഫ് സിയന സ്ഥാപിക്കപ്പെട്ടത്. 16,000 വിദ്യാർഥികൾ പഠിക്കുന്നുണ്ടിവിടെ. എന്നാൽ, ഇവിടത്തെ ജനസംഖ്യ 53,000 മാത്രമാണെന്നത് കൗതുകകരമാണ്.

ഇവിടത്തെ പ്രധാന നഗരചത്വരത്തിന്‍റെ പേരാണ് പിയാസ ഡെൽകാമ്പോ. ഇതിനു ചുറ്റുമുള്ള കെട്ടിടങ്ങൾക്കും ഇവിടത്തെ മണ്ണിനും ഒരുപോലെയുള്ള കാവി നിറത്തെയാണ് ചിത്രകാരന്മാർ ബേൺട് സിയന (burnt Sienna) എന്നു വിളിക്കുന്നത്. ഒരു യൂനിവേഴ്സിറ്റി ടൗൺ കൂടി ആയതുകൊണ്ടാവാം ധാരാളം ചെറുപ്പക്കാരെ ഈ ചത്വരത്തിൽ കണ്ടു. അവർ പലയിടങ്ങളിലായി കൂട്ടമായി സൊറ പറഞ്ഞിരിക്കുന്നുണ്ടായിരുന്നു.

1.കുംഭഗോപുരത്തിന്‍റെ ഉൾഭാഗം 2. കത്തീഡ്രലിനകത്തെ ഒരു മണ്ഡപം



400 പടികളുള്ള മാംഗിയ ടവറും സിറ്റി ഹാളും

സിറ്റി ഹാളിനു സമീപത്തെ 87 മീറ്റർ പൊക്കമുള്ള മാംഗിയ ടവർ പുരാതന കാലത്തേതാണ്. അക്കാലത്ത് പോപ്പിന്‍റെയും ഹോളി റോമൻ എംപററിന്‍റെയും അധികാരപരിധിയിൽനിന്ന് പുറത്തുകടന്ന് സ്വതന്ത്ര റിപ്പബ്ലിക്കായാണ് സിയന നിലനിന്നത്.

10 യൂറോയുടെ ടിക്കറ്റെടുത്ത് സുരക്ഷ പരിശോധനയും കഴിഞ്ഞാൽ 400 പടികൾ കയറി ഗോപുരത്തിന്‍റെ മുകളിൽ എത്താം. അവിടെനിന്നുള്ള ചത്വരത്തിന്‍റെ കാഴ്ച അതിമനോഹരമാണ്.

14ാം നൂറ്റാണ്ടിൽ ഭരണാധികാരികളുടെ യോഗങ്ങളും മറ്റും നടന്നിരുന്ന സിറ്റി ഹാൾ നന്നായി സംരക്ഷിച്ചിട്ടുണ്ട്. നല്ല ഭരണത്തിന്‍റെയും ചീത്ത ഭരണത്തിന്‍റെയും ഫലങ്ങൾ ജനങ്ങൾക്ക് അനുഭവവേദ്യമായിത്തീരുന്നത് ഏതുവിധത്തിലാണെന്ന് ഇവിടത്തെ ചുമർചിത്രങ്ങൾ കാഴ്ചക്കാരന് വിശദമാക്കിത്തരുന്നു.

അത്തരത്തിലുള്ള നല്ല ഭരണത്തിന്‍റെ മധുരം സിയനയിലെ ജനങ്ങൾ കുറെക്കാലം അനുഭവിച്ചിരുന്നെന്ന​ു വേണം കരുതാൻ. ഇതിന് തെളിവാണ് മധ്യകാലം മുതൽതന്നെ നിലവിലുള്ള സാന്ത മരിയ ആശുപത്രി (Santa Maria della Scala Hospital).

സിറ്റി കൗൺസിൽതന്നെ നേതൃത്വംകൊടുത്ത് നടത്തിയിരുന്ന ഈ ആശുപത്രിയിൽ 14ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ചികിത്സരീതികളും സാമൂഹികസുരക്ഷ പദ്ധതികളും സംബന്ധിച്ച് ചുമർചിത്രങ്ങൾ വിശദീകരിക്കുന്നുണ്ട്. അനാഥക്കുട്ടികളുടെ സംരക്ഷണം, അവരുടെ വിദ്യാഭ്യാസം, പാവപ്പെട്ടവർക്ക് ഭക്ഷണം, ചികിത്സ എന്നിവ സിറ്റി കൗൺസിൽ ഉറപ്പാക്കിയിരുന്നു.

അനാഥർക്കു കൊടുക്കുന്ന റൊട്ടിയിൽ പ്രത്യേക സ്റ്റാമ്പുകൾ പതിപ്പിച്ചിരുന്നതായി ചിത്രങ്ങളിൽ കാണാം. ഇത്തരത്തിൽ നൽകുന്ന റൊട്ടി കൈമാറി വീണ്ടും വിൽപന നടത്താതിരിക്കാൻ വേണ്ടിയുള്ള മുൻകരുതലായിരുന്നു ഇത്.

വയാ ഫ്രാൻസിജെന; തീർഥാടകരുടെ റോഡ്

വിനോദസഞ്ചാരികൾ പ്രധാനമായും സഞ്ചരിക്കുന്ന ഇടങ്ങളിലെ റോഡുകളെല്ലാം കാൽനടക്കാർക്കു മാത്രമായി സംരക്ഷിച്ചിട്ടുണ്ട്. ഇതുമൂലം നാട്ടുകാർക്കും വിദേശികൾക്കും ഒരുപോലെ വഴികളിലൂടെ നടക്കാനും കാഴ്ചകൾ കാണാനും എളുപ്പമാണ്.

സാൻ ബെർണാഡോ ചുരത്തിൽനിന്ന് റോമിലേക്കുള്ള തീർഥാടകർ സഞ്ചരിക്കുന്ന റോഡിനു നൽകിയ പേരാണ് വയാ ഫ്രാൻസിജെന. മധ്യകാലഘട്ടത്തിൽ, സിംഹാസനവും അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്‍റെയും സെന്‍റ് പോൾസിന്‍റെയും ശവകുടീരങ്ങളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രധാന തീർഥാടനപാതയായിരുന്നു.

ഈ നാട്ടുകാരുടെ പ്രിയ പാനീയമാണ് അപെറോൾ സ്പ്രിറ്റ്സ്. അപെറോളും വെളുത്ത വൈനും സോഡയും കൂട്ടിക്കലർത്തിയ ഓറഞ്ച് നിറത്തിലുള്ള ഈ പാനീയം മിക്കവാറും എല്ലാ തീന്മേശകളിലും കാണാം, പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളിൽ. ഇത് ഓർഡർ ചെയ്താൽ ഒപ്പം ചില സ്നാക്സും ലഭിക്കും. വൈകുന്നേരം സുഹൃത്തുക്കൾക്ക് ഒന്നിച്ചുകൂടി സൗഹൃദം പങ്കിടാനും സ്നേഹബന്ധം പുതുക്കാനും അവർക്ക് ഇത് നിർബന്ധമാണ്.

മധ്യകാലശൈലിയിലുള്ള തെരുവുകൾ

സിയനയിലെ തെരുവുകൾ മധ്യകാല ശൈലിയിൽ തന്നെയാണ് ഇന്നും കാണപ്പെടുന്നത്. പഴയകാലത്തെ പലതരം ഭക്ഷണസാധനങ്ങളും കരകൗശലവസ്തുക്കളും മറ്റും വഴിയോരക്കടകളിൽനിന്ന് വാങ്ങാം. ഇവിടെ പല റസ്റ്റാറന്‍റുകളിലും ഫ്രഷ് പാസ്ത ലഭ്യമാണ്. പഴയകാലത്തെ പാചകക്കുറിപ്പുകൾ ഉപയോഗിച്ച് പാചകംചെയ്താണ് ഇവർ പാസ്ത വിളമ്പുന്നത്.

‘പാൻഫോർട്ടെ’ എന്ന പേരിൽ കോഴിക്കോടൻ ഹൽവക്ക് സമാനമായ ഒരു പലഹാരം 1869 മുതൽ നിലവിലുള്ളത് എന്ന് ബോർഡ് വെച്ച ഒരു കടയിൽ കണ്ടു. ധാരാളം പിസ്തയും നട്ട്സും മറ്റും ചേർത്ത രുചികരമായ പലഹാരമാണിത്. ഇവരുടേതു മാത്രം എന്നു കരുതപ്പെടുന്ന റീച്ചാറെല്ലി, കവല്ലൂച്ചി തുടങ്ങി ബിസ്കറ്റ് പോലെയുള്ള ചില പലഹാരങ്ങളും ഇവിടെനിന്ന് രുചിച്ചുനോക്കി.

പ്രത്യേകതരം ഗന്ധമുള്ളതും ഭൂമിക്കടിയിൽ വളരുന്നതുമായ ട്രഫിൾ എന്ന ഒരു തരം കുമിൾ വിശിഷ്ടഭോജ്യമായി പാശ്ചാത്യരാജ്യങ്ങളിൽ പലയിടത്തും ഉപയോഗിച്ചുവരുന്നു. ഇതുകൊണ്ടുണ്ടാക്കിയ പലതരം ബട്ടറുകളും ഇവിടെ വിൽപനക്കു വെച്ചിട്ടുണ്ട്. 100 ഗ്രാം കുപ്പിക്ക് 45 യൂറോ ആണ് വില! വിലപിടിപ്പുള്ളത് കാരണം ട്രഫിൾ ധനികരുടെയും സെലിബ്രിറ്റികളുടെയും മാത്രം ഭക്ഷണമായി തുടരുന്നു.

1.ലേഖിക സിയനയിലെ കത്തീഡ്രലിനു മുന്നിൽ 2. സിറ്റി ഹാളും ഗോപുരവും



കന്യാമറിയത്തിന്‍റെ പേരിലുള്ള കത്തീഡ്രൽ

കന്യാമറിയത്തിന്‍റെ പേരിലുള്ള ഇവിടത്തെ കത്തീഡ്രൽ മനോഹരമാണ്. ഫ്ലോറൻസിലുള്ളതിനേക്കാൾ വലുതായിരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് 13ാം നൂറ്റാണ്ടിൽ നിർമാണം ആരംഭിച്ചത്.

കുന്നിൻപ്രദേശമായ ഇവിടെ നിരപ്പായ ഭൂമി ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇക്കാരണത്താൽ സാധ്യമായ വലുപ്പത്തിൽ കുംഭഗോപുരമുള്ള ഭാഗം നിർമിക്കുകയും പള്ളിയുടെ ബാക്കിയുള്ള ഭാഗം, അടിത്തട്ടിൽ ബാപ്പിസ്റ്ററി നിർമിച്ചശേഷം അതിനുമുകളിലായി സ്ഥാപിക്കുകയും ചെയ്തു.

മതപരമായ ചിത്രങ്ങളും കുമ്മായച്ചാന്തുകൊണ്ടുള്ള കലാനിർമിതികളും നിറഞ്ഞതാണ് പള്ളിയുടെ പുറം. ഇതിന്‍റെ ഉൾഭാഗത്തെ മാർബിൾതറയിൽ ബൈബിൾ കഥകളും സിയനയെ സംബന്ധിച്ച ചരിത്രകഥകളും വിവരിക്കുന്ന ചിത്രപ്പണികളും കാണാം.

ഐതിഹ്യമനുസരിച്ച്, ചെന്നായ് വളർത്തിയ കുട്ടികളായിരുന്നു റോമുലസും റെമസും. റോമിന്‍റെ സ്ഥാപകനായ റോമുലസിന്‍റെ സഹോദരനായ റെമസിന്‍റെ രണ്ട് ആൺമക്കളായ സീനിയസും അസ്കിയസും ചേർന്നാണ് സിയന സ്ഥാപിച്ചത്. റോമിൽനിന്ന് ഓടിപ്പോന്നപ്പോൾ, അവർ പെൺചെന്നായുടെയും രണ്ടു കുഞ്ഞുങ്ങളുടെയും പ്രതിമ സിയനയിലേക്ക് കൊണ്ടുപോയി. പിൽക്കാലത്ത് അത് ഈ നഗരത്തിന്‍റെ പ്രതീകമായി മാറി.

പള്ളിയുടെ ആർച്ചുകൾക്കു മീതെയായി നാലുചുറ്റും സെന്‍റ് പീറ്ററിന്‍റെ കാലം മുതൽ 13ാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന 172 പോപ്പുമാരുടെ തലയുടെ രൂപം നിർമിച്ചുവെച്ചിരിക്കുന്നത് കാണാം. മധ്യകാലത്ത് ജീവിച്ചിരുന്ന പ്രധാനപ്പെട്ട എല്ലാ കലാകാരന്മാരും ഈ പള്ളിയുടെ നിർമാണത്തിൽ സഹകരിച്ചിട്ടുണ്ട്.

ഡോണറ്റല്ലോയുടെ സെന്‍റ് ജോൺ ദി ബാപിസ്റ്റ്, മൈക്കൽ ആഞ്ജലോയുടെ സ്വന്തം നിർമിതിയായ സെന്‍റ് പീറ്ററിന്‍റെ പ്രതിമ, ബെർണിനിയുടെ സെന്‍റ് കാതറീൻ എന്നിവ ഇവിടത്തെ വിശേഷ കാഴ്ചകളാണ്.

ഇന്ന് കാണപ്പെടുന്ന പള്ളിയേക്കാൾ വളരെ വലുതായിരുന്നു ആദ്യ പ്ലാൻ. പ്ലേഗും യുദ്ധവും മറ്റും മൂലമുണ്ടായ സാമ്പത്തികപ്രശ്നങ്ങളാൽ നിർമാണം പൂർത്തീകരിക്കാനായില്ല. കുറെ ഭാഗങ്ങളിലെ ആർച്ചുകൾ മാത്രമേ ഇന്ന് കാണാനുള്ളൂ. അപൂർണമായ നിർമിതിയുടെ ഭാഗങ്ങൾ പള്ളിയോടൊപ്പം സംരക്ഷിക്കപ്പെടുന്നുണ്ട്.

ഇവിടത്തെ ലൈബ്രറിയിൽ കാണുന്ന ചുമർചിത്രങ്ങൾ ഇന്നും പുതിയതുപോലെ കാണപ്പെടുന്നു. 14ാം നൂറ്റാണ്ടിലെ സാമൂഹിക ജീവിതവും സിയനയിൽനിന്നുള്ള പോപ്പായിരുന്ന പയസ് രണ്ടാമനെയും ഇവിടെ കാണാം.

ടസ്കനിയുടെ സ്വർഗീയ സൗന്ദര്യം

സിയനയിലേക്ക് ട്രെയിനിൽ യാത്രചെയ്യുമ്പോഴും മടങ്ങുമ്പോഴും ടസ്കനിയുടെ സ്വർഗീയസൗന്ദര്യം ആസ്വദിക്കാനുള്ള സമയം ലഭിച്ചു. വൈദ്യുതിതൂണുകളും കമ്പികളും കാറ്റാടിയന്ത്രങ്ങളും സോളാർപാനലുകളുമൊന്നും ഈ അഴകിനെ കളങ്കപ്പെടുത്തുന്നില്ല. കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന മരതകപ്പച്ച നിറത്തിലുള്ള മലമടക്കുകളെ അതിരിടുന്നത് അവിടവിടെ കാണുന്ന ദേവദാരു മരങ്ങളും ചക്രവാളത്തിൽ കാണുന്ന കിയാന്‍റി മലനിരകളും മാത്രം.

വസന്തകാലത്തിന്‍റെ തുടക്കമായതുമൂലം കന്യാവനങ്ങൾ പോലെ കാണപ്പെട്ട ഈ പ്രദേശങ്ങളുടെ ഭംഗി വാക്കുകൾക്കതീതമായിരുന്നു. വിശാലമായ മുന്തിരിത്തോട്ടങ്ങൾ പച്ചപിടിച്ചുതുടങ്ങിയിട്ടേയുള്ളൂ. മധ്യകാലത്ത് സിയനയും ഫ്ലോറൻസും തമ്മിലുള്ള യുദ്ധങ്ങൾ നടന്ന ഇടങ്ങളാണിവ. അക്കാലത്തെ കോട്ടമതിലുകളുടെ ഭാഗങ്ങൾ ഇപ്പോഴും ചിലയിടങ്ങളിൽ കാണാം.

ശാന്തവും സുന്ദരവുമായ കാഴ്ചകളാണ് റെയിൽവേ ട്രാക്കിന്‍റെ ഇരുപുറവും കണ്ടത്. അപൂർവമായി കാണുന്ന രണ്ടോ മൂന്നോ കാറുകളും പുൽമേടുകളിൽ മേഞ്ഞുനടക്കുന്ന വെളുത്ത ചെമ്മരിയാടിൻകൂട്ടങ്ങളും മാത്രമാണ് ആ നിശ്ചലതയെ മുറിച്ചത്. അവിടവിടെ ഒലിവ് തോട്ടങ്ങൾ കാണാം. 600 മുതൽ 1000 വരെ വർഷങ്ങൾ ആയുസ്സുള്ളവയാണ് ഈ മരങ്ങൾ. അവ പ്രത്യേകത രീതിയിൽ സംരക്ഷിച്ചാൽ ഇക്കാലമത്രയും നല്ല വിളവ് ലഭിക്കും.

പരന്നുകിടക്കുന്ന പച്ചനിറവും ഭംഗിയും ദിവസത്തിന്‍റെ സമയവും സൂര്യപ്രകാശത്തിന്‍റെ വ്യതിയാനവും കാലാവസ്ഥയും അനുസരിച്ച് വ്യത്യാസപ്പെടും. വസന്തകാലത്ത് ഈ മലമടക്കുകളുടെ പ്രത്യേക ഭാഗങ്ങൾ പലതരം പുഷ്പങ്ങൾകൊണ്ട് നിറയും. യൂറോപ്പിലും മറ്റു പല രാജ്യങ്ങളിലും വെച്ച് ഞാൻ കണ്ടതിൽ ഏറ്റവും ഭംഗിയുള്ള പ്രദേശമാണ് ടസ്കനി എന്ന് നിസ്സംശയം പറയാം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italyWorld Travel Destination
News Summary - A trip to Siena in Northern Italy
Next Story