Begin typing your search above and press return to search.
proflie-avatar
Login

മാരകം, ഇസ്രായേലി ബോംബും മാധ്യമഭാഷയും

മാരകം,   ഇസ്രായേലി ബോംബും   മാധ്യമഭാഷയും
cancel

ഒരു മാധ്യമ പ്രസിദ്ധീകരണം ലോകം മുഴുവൻ ​ശ്രദ്ധിക്കുന്ന ഒരു സംഭവത്തിൽ ഏകപക്ഷീയമായ ‘അന്വേഷണ റിപ്പോർട്ട്’ തയാറാക്കി പരസ്യപ്പെടുത്തുന്നത് അസാധാരണമാണ്. അതിനേക്കാൾ അസാധാരണമാണ് അത്തരമൊരു മുൻനിര പത്രത്തിന്റെ കൊട്ടിഗ്ഘോഷിക്കപ്പെട്ട ഒരു എക്സ് ക്ലൂസിവ് അന്വേഷണ റിപ്പോർട്ട് മറ്റു മാധ്യമങ്ങൾ പരിശോധനക്കെടുക്കുകയും അത് അപ്പടി കള്ളമാണെന്ന് തെളിവുകളിലൂടെ സ്ഥാപിക്കുകയും ചെയ്യുക എന്നത്. അതിലും വിരളമാണ്, നാണംകെടുന്ന തരത്തിൽ തുറന്നുകാട്ടപ്പെട്ടിട്ടും തെറ്റ് സമ്മതിക്കാതെ, വാർത്ത തിരുത്താതെ, പത്രം ഒളിച്ചുകളിക്കുന്നത്. പത്രത്തിന്റെ പേര് ന്യൂയോർക് ടൈംസ്.ഹമാസ് ഇസ്രായേലി വനിതകളെ സംഘടിതമായും...

Your Subscription Supports Independent Journalism

View Plans

ഒരു മാധ്യമ പ്രസിദ്ധീകരണം ലോകം മുഴുവൻ ​ശ്രദ്ധിക്കുന്ന ഒരു സംഭവത്തിൽ ഏകപക്ഷീയമായ ‘അന്വേഷണ റിപ്പോർട്ട്’ തയാറാക്കി പരസ്യപ്പെടുത്തുന്നത് അസാധാരണമാണ്. അതിനേക്കാൾ അസാധാരണമാണ് അത്തരമൊരു മുൻനിര പത്രത്തിന്റെ കൊട്ടിഗ്ഘോഷിക്കപ്പെട്ട ഒരു എക്സ് ക്ലൂസിവ് അന്വേഷണ റിപ്പോർട്ട് മറ്റു മാധ്യമങ്ങൾ പരിശോധനക്കെടുക്കുകയും അത് അപ്പടി കള്ളമാണെന്ന് തെളിവുകളിലൂടെ സ്ഥാപിക്കുകയും ചെയ്യുക എന്നത്. അതിലും വിരളമാണ്, നാണംകെടുന്ന തരത്തിൽ തുറന്നുകാട്ടപ്പെട്ടിട്ടും തെറ്റ് സമ്മതിക്കാതെ, വാർത്ത തിരുത്താതെ, പത്രം ഒളിച്ചുകളിക്കുന്നത്. പത്രത്തിന്റെ പേര് ന്യൂയോർക് ടൈംസ്.

ഹമാസ് ഇസ്രായേലി വനിതകളെ സംഘടിതമായും ആസൂത്രിതമായും മാനഭംഗംചെയ്തു എന്ന ഒരു കഥ ഇസ്രായേലി സൈന്യം ഇറക്കിയത് അവർ നടത്താൻ പോകുന്ന വംശഹത്യക്ക് ന്യായം ചമക്കാനാണെന്ന് പിന്നീട് തെളിഞ്ഞതാണ്. കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു, ഗർഭിണികളെ വയറ് പിളർത്തി ശിശുക്കളെ അടക്കം കൊന്നു, കുടുംബങ്ങളെ ചുട്ടുകരിച്ചു തുടങ്ങിയ കഥകളും ഇറങ്ങിയിരുന്നു. ഇവയൊന്നും വസ്തുതാപരമല്ലെന്ന് അന്വേഷണങ്ങളിൽ വ്യക്തമാവുകയുംചെയ്തു (വിശദമായി ഇവ ‘മീഡിയ സ്കാനി’ൽ മുമ്പ് പ്രതിപാദിച്ചിട്ടുണ്ട്).

പക്ഷേ, അക്കൂട്ടത്തിൽ ഒന്ന് പൊലിപ്പിക്കാൻ ടൈംസ് മുന്നോട്ടുവന്നു. കൂട്ട മാനഭംഗക്കഥ അന്വേഷിക്കാൻ തീരുമാനിക്കുക മാത്രമല്ല, അതിന് പത്രപ്രവർത്തനത്തിൽ മുൻപരിചയമില്ലാത്ത മുൻ ഇസ്രായേലി സൈനികയും വംശീയവാദിയുമായ വനിതയടക്കം മൂന്നുപേരെ നിയോഗിക്കുകയും ചെയ്തു. ആ റിപ്പോർട്ട് Screams without Words എന്ന തലക്കെട്ടിൽ ടൈംസ് പ്രസിദ്ധപ്പെടുത്തി (2023 ഡിസം. 31).

ഈ റിപ്പോർട്ടാണ്, വിവിധ ഓൺലൈൻ മാധ്യമങ്ങൾ ഇഴകീറി പരിശോധിച്ചത്. ഇന്റർസെപ്റ്റ്, ഗ്രേസോൺ, ഇലക്ട്രോണിക് ഇൻതിഫാദ തുടങ്ങി അരഡസനോളം മാധ്യമങ്ങൾ ടൈംസ് റിപ്പോർട്ടിലെ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടി. അൽജസീറ ദീർഘമായ ഒരു വിഡിയോതന്നെ അതിനെപ്പറ്റി ചെയ്തു. സംശയത്തിനിടമില്ലാത്ത വിധത്തിൽ ആ റിപ്പോർട്ട് ദയനീയമായി പൊളിഞ്ഞു.

തെറ്റ് ബോധ്യപ്പെട്ടിട്ടും, അതിന്റെ പേരിൽ പോഡ്കാസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നിട്ടും, പത്രത്തിനുള്ളിൽ വലിയൊരു വിഭാഗം ജേണലിസ്റ്റുകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടും, പത്രം തങ്ങളുടെ തെറ്റായ റിപ്പോർട്ട് പിൻവലിച്ചിട്ടില്ല. (ഇതിന് ഒരു മുൻ മാതൃകയുള്ളത്, ‘ഇറാഖിലെ കൂട്ടനശീകരണായുധങ്ങളെ’പ്പറ്റി അമേരിക്കൻ സർക്കാർ ചമച്ച കള്ളക്കഥ ടൈംസും ഏറ്റുപിടിച്ചതാണ്. ആ റിപ്പോർട്ട് പത്രം തിരുത്തിയത്, അമേരിക്കയുടെ അധിനിവേശത്തിന് ന്യായമായി അത് പൂർണമായും പ്രയോജനപ്പെട്ടതിന് ശേഷമായിരുന്നു. ഇക്കുറി ഇസ്രായേലി വംശഹത്യ ‘പൂർത്തി’യായിക്കഴിഞ്ഞാൽ അവർ തിരുത്തുമായിരിക്കും!

ഇഫ് അമേരിക്കൻസ് ന്യൂ, ഫെയർ മുതലായ സമാന്തര മാധ്യമ സൈറ്റുകൾ ന്യൂയോർക് ടൈംസിന് കത്തെഴുതാൻ ആഹ്വാനംചെയ്ത് ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. ഫലമുണ്ടായില്ല. ഒടുവിലിപ്പോൾ യൂനിവേഴ്സിറ്റികളിലെ 50ൽപരം ജേണലിസം പ്രഫസർമാർ ടൈംസിന് ഒരു തുറന്ന കത്തെഴുതിയിരിക്കുന്നു (ഏപ്രിൽ 29). ആ റിപ്പോർട്ടിന്റെ എഴുത്ത്, എഡിറ്റിങ്, പ്രസാധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വശങ്ങൾ മാധ്യമരംഗത്തെ വിദഗ്ധരടങ്ങുന്ന സംഘം പരിശോധിക്കണമെന്നാണ് പ്രഫസർമാർ ആവശ്യപ്പെടുന്നത്. ‘‘പ​ത്രത്തിന് തെറ്റ് പറ്റിയില്ലെന്ന് വന്നാൽ അവർക്ക് നല്ലത്. മറിച്ച്, തെറ്റ് പറ്റിയെന്ന് തെളിഞ്ഞാൽ അതുവഴി ഫലസ്തീൻകാർക്കുണ്ടായ നാശത്തിന് പരിഹാരമാകില്ലെങ്കിലും, മൗനംകൊണ്ട് പത്രം അതിനുതന്നെ വരുത്തുന്ന ദോഷം ഒഴിവാക്കാം’’ –പ്രഫസർമാർ ചൂണ്ടിക്കാട്ടുന്നു.

സയണിസ്റ്റ് ചായ്‍വ്

സയണിസ്റ്റ് പക്ഷപാതം ന്യൂയോർക് ടൈംസിന്റെ ഫലസ്തീൻ കവറേജിൽ വ്യക്തമാണെന്ന് നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇൗയിടെ അതിന് വേറെ തെളിവുകൾ പുറത്തുവന്നു. ‘കൂട്ട മാനഭംഗ സംഭവം’ അന്വേഷിക്കുന്നതിന് ഇസ്രായേലി സൈന്യത്തോട് ബന്ധമുള്ള, എന്നാൽ മാധ്യമപ്രവർത്തനത്തോട് ബന്ധമില്ലാത്ത, ഒരാളെ നിയോഗിക്കുന്നത് എന്തിനാവും? മാനഭംഗത്തിനിരയായി എന്ന് റിപ്പോർട്ടിൽ പറഞ്ഞ ഇസ്രായേലി യുവതിയുടെ കുടുംബം മുതൽ സംഭവങ്ങൾ നടന്നെന്ന് പറയുന്ന പട്ടണത്തിലെ അധികൃതർ വരെ റിപ്പോർട്ടിലെ വിവരങ്ങളെ തള്ളിപ്പറഞ്ഞിട്ടും റിപ്പോർട്ട് മാറ്റിയെഴുതാൻപോലും തയാറാകാത്തത് എന്തുകൊണ്ടാവും?

യു.എൻ രക്ഷാസമിതിയിൽ പലകുറി വെടിനിർത്തൽ പ്രമേയം പരാജയപ്പെട്ട ശേഷം ഒടുവിൽ പാസായപ്പോൾ, ന്യൂയോർക് ടൈംസ് ഒരു കള്ളം ചേർത്തുകൊണ്ടാണ് അത് റിപ്പോർട്ട് ചെയ്തത്. രക്ഷാസമിതി പ്രമേയം നടപ്പാക്കാൻ ഇസ്രായേലിന് ബാധ്യതയില്ല (non-binding resolution) എന്ന കള്ളം. (എല്ലാ രക്ഷാസമിതി പ്രമേയങ്ങളും നടപ്പാക്കാനുള്ള ബാധ്യത അംഗരാഷ്ട്രങ്ങൾക്കുണ്ട് എന്ന് നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നടപ്പാക്കിയില്ലെങ്കിൽ ഒന്നും ചെയ്യാനാകില്ല എന്നത് മറ്റൊരു കാര്യം.) ടൈംസിന്റെ ഈ വ്യാഖ്യാനം വംശഹത്യ തുടരാനും വെടിനിർത്തലൊഴിവാക്കാനും ഇസ്രായേലിന് പ്രയോജനപ്പെട്ടു.

ടൈംസ് മാത്രമല്ല, സത്യാന്വേഷികളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ളത്. അനേകം പടിഞ്ഞാറൻ മാധ്യമങ്ങൾ വാർത്തകളിൽ എങ്ങനെയൊക്കെ വിവേചനം പുലർത്തുന്നുണ്ടെന്ന് ഈയിടെ പുറത്തുവന്ന പഠനഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്. വാർത്തയെഴുത്തിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ സുപ്രധാനമാണ്. മിക്ക മാധ്യമങ്ങൾക്കും സ്വന്തമായ പദാവലിയുണ്ടാകും. ‘കുടിയേറ്റക്കാർ’ എന്ന് പടിഞ്ഞാറൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നവരെ അൽജസീറ ‘അഭയാർഥികൾ’ എന്ന് വിശേഷിപ്പിക്കുന്നത് നിലപാടിന്റെ അടിസ്ഥാനത്തിലാണല്ലോ. അരലക്ഷത്തോളം സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തപ്പോൾപോലും ‘scores of Palestinians killed’ എന്നെഴുതാൻ (score എന്നാൽ ഇരുപത്; ദശലക്ഷങ്ങളെന്ന് പറയേണ്ടിടത്ത് ഈ ‘ഇരുപതുകൾ’) ന്യൂയോർക് ടൈംസിന് കഴിയുന്നു. എല്ലാ നിയമങ്ങളും ലംഘിച്ച് വംശഹത്യ നടത്തുന്ന ഇ​സ്രായേലിനെപ്പറ്റി ‘‘ഭീകരർ’’ എന്ന വാക്ക് ഉപയോഗിക്കാത്ത മാധ്യമങ്ങൾ, ആ മുദ്ര ഇല്ലാതെ ഹമാസിനെ പരാമർശിക്കാറില്ലല്ലോ. അതാണ് വാക്കുകളുടെ രാഷ്ട്രീയം.

ഭാഷ എന്ന ആയുധം

അതുകൊണ്ട്, വാർത്തയെഴുത്തിൽ ടൈംസ് ഉപയോഗിക്കുന്ന പദങ്ങളെപ്പറ്റി ദ ഇന്റർസെപ്റ്റ് അന്വേഷിച്ചു. ആവശ്യമായ ആധികാരിക വിവരങ്ങൾ അവർക്ക് ടൈംസിൽനിന്നുതന്നെ ചോർന്നുകിട്ടി.

ടൈംസ് സ്വന്തം ലേഖകർക്ക് വിതരണംചെയ്ത മാർഗനിർദേശങ്ങൾ പത്രത്തിന്റെ വംശീയത സ്ഥിരീകരിക്കുന്നതാണ്. ഇസ്രായേൽ ഫലസ്തീനോട് ചെയ്യുന്നതെന്തെന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ സ്വാഭാവികമായും ഉപയോഗിക്കേണ്ടിവരുന്ന വാക്കുകളാണ് genocide (വംശഹത്യ), occupied territory (അധിനിവിഷ്ട പ്രദേശം), ethnic cleansing (വംശീയ ഉന്മൂലനം), refugee camps (അഭയാർഥി ക്യാമ്പുകൾ) തുടങ്ങിയവ. ഇത്തരത്തിലുള്ള ഒരുപാട് വാക്കുകൾ ന്യൂയോർക് ടൈംസിലെ റിപ്പോർട്ടർമാർക്ക് ഉപയോഗിക്കാൻ അനുവാദമില്ല. കശാപ്പ് (Slaughter), കൂട്ടക്കൊല (massacre) തുടങ്ങിയവയുടെ കാര്യം പറയാനുമില്ല.

ടൈംസിന്റെ (മറ്റു പല മാധ്യമങ്ങളുടെയും) ശൈലിയനുസരിച്ച് ഇസ്രായേൽ ഇപ്പോഴും ‘സ്വയം രക്ഷ’ക്കായുള്ള യുദ്ധത്തിലാണ്. ഭാഷാപരമായ സത്യസന്ധതയില്ലായ്മ ടൈംസിന് മാത്രം സ്വന്തമാണെന്നും കരുതേണ്ട. വാഷിങ്ടൺ പോസ്റ്റ്, ലോസ് ആഞ്ജലസ് ടൈംസ്, സി.എൻ.എൻ, ബി.ബി.സി തുടങ്ങി ഒരുപാട് പടിഞ്ഞാറൻ മാധ്യമങ്ങളുടെ ഫലസ്തീൻ തലക്കെട്ടുകൾ മാത്രം സുദീർഘമായ ഗവേഷണ പ്രബന്ധത്തിന് വകനൽകും. ഇസ്രായേലി പട്ടാളക്കാർ ‘കൊല്ലപ്പെടു’ന്നതും ഫലസ്തീൻകാർ ‘മരിക്കുന്ന’തും അങ്ങനെയാണ്.

വാക്കുകൾകൊണ്ട് അമേരിക്കയിലെ മുൻനിര പത്രങ്ങൾ നടത്തുന്ന കള്ളക്കളികളെപ്പറ്റി ഇന്റർസെപ്റ്റ് ജനുവരിയിൽ പഠനറിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഫെയർ, അൽ ശബക, കോമൺ ഡ്രീംസ് തുടങ്ങിയവയും പഠനങ്ങൾ നടത്തിയിട്ടുണ്ട്. കൗണ്ടർ ഫയർ എന്ന ഓൺലൈൻ പോർട്ടലിൽ, ഡേറ്റ ശാസ്ത്രജ്ഞർ നടത്തിയ മറ്റൊരു പഠനത്തെപ്പറ്റി കാണാം. കഴിഞ്ഞ ഒക്ടോബറിൽ ബി.ബി.സിയിൽ വന്ന റിപ്പോർട്ടുകളാണ് വിഷയം.

കൊല, കൂട്ടക്കൊല, കശാപ്പ് തുടങ്ങിയ വാക്കുകൾ ഫലസ്തീൻകാർ ഇസ്രായേലികളോട് ചെയ്തതായി ആവർത്തിക്കുമ്പോൾ ഇസ്രായേലി ചെയ്തികൾ ഏറെയും അകർമകക്രിയകളായി മാറുന്നു. ഇസ്രായേലി ഇരകളെപ്പറ്റി എപ്പോഴും കുടുംബബന്ധങ്ങൾ എടുത്തുകാട്ടും; ഫലസ്തീൻകാർ കൊല്ലപ്പെടുമ്പോൾ അവർ ആരുടെയും മാതാക്കളോ കുഞ്ഞുങ്ങളോ സഹോദരങ്ങളോ അല്ല; കണക്കുകൾ മാത്രം. ഫലസ്തീൻ ഒട്ടനേകം മാധ്യമങ്ങളുടെ പക്ഷപാതങ്ങൾക്കുകൂടി ഇരയാണ്. ലോകം കാൺകെ നടന്ന വംശഹത്യയിൽ ആ മാധ്യമങ്ങൾകൂടി പങ്കാളിയായെന്ന് ചരിത്രം ​േരഖപ്പെടുത്തും.

News Summary - weekly column media scan