Begin typing your search above and press return to search.
proflie-avatar
Login

ഗാനരചന കുട്ടിക്കളിയല്ല എന്നു തെളിയിച്ച ‘ലക്ഷ്യം’

ഗാനരചന കുട്ടിക്കളിയല്ല   എന്നു തെളിയിച്ച ‘ലക്ഷ്യം’
cancel

‘‘പതിവായി സിനിമാ ഗാനങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് ഗാനരചനയും സംഗീതസംവിധാനവും ആർക്കും പെട്ടെന്ന് ചെയ്യാവുന്ന പണിയാണെന്നു തോന്നിയേക്കാം. ഈ ചിത്രത്തിന് പാട്ടുകൾ രചിച്ച ഷേർളിയും അവരുടെ കൂട്ടത്തിൽപെടുന്നു. എന്നാൽ, സത്യം അതല്ലെന്നു കാണാൻ ആ രംഗത്തിറങ്ങുമ്പോൾ അവർക്കു മനസ്സിലാകും’’ –ഗാനരചയിതാവ്​ കൂടിയായ ലേഖകൻ ചില സത്യങ്ങൾ ഒാർമിപ്പിക്കുന്നു. ശശികുമാർ സംവിധാനംചെയ്ത ഏവർഷൈൻ പ്രൊഡക്ഷൻസിന്റെ ‘ബ്രഹ്മചാരി’ എന്ന സിനിമ 1972 ഒക്ടോബർ 13ന് തിയറ്ററുകളിലെത്തി. എസ്.എസ്. തിരുപ്പതി ചെട്ടിയാരും മക്കളായ എസ്.എസ്.ടി. മണി, എസ്.എസ്.ടി. ലക്ഷ്മണൻ എന്നിവരുമായിരുന്നു എവർഷൈൻ എന്ന നിർമാണ-വിതരണക്കമ്പനിയുടെ സാരഥികൾ. സിനിമാ...

Your Subscription Supports Independent Journalism

View Plans
‘‘പതിവായി സിനിമാ ഗാനങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് ഗാനരചനയും സംഗീതസംവിധാനവും ആർക്കും പെട്ടെന്ന് ചെയ്യാവുന്ന പണിയാണെന്നു തോന്നിയേക്കാം. ഈ ചിത്രത്തിന് പാട്ടുകൾ രചിച്ച ഷേർളിയും അവരുടെ കൂട്ടത്തിൽപെടുന്നു. എന്നാൽ, സത്യം അതല്ലെന്നു കാണാൻ ആ രംഗത്തിറങ്ങുമ്പോൾ അവർക്കു മനസ്സിലാകും’’ –ഗാനരചയിതാവ്​ കൂടിയായ ലേഖകൻ ചില സത്യങ്ങൾ ഒാർമിപ്പിക്കുന്നു. 

ശശികുമാർ സംവിധാനംചെയ്ത ഏവർഷൈൻ പ്രൊഡക്ഷൻസിന്റെ ‘ബ്രഹ്മചാരി’ എന്ന സിനിമ 1972 ഒക്ടോബർ 13ന് തിയറ്ററുകളിലെത്തി. എസ്.എസ്. തിരുപ്പതി ചെട്ടിയാരും മക്കളായ എസ്.എസ്.ടി. മണി, എസ്.എസ്.ടി. ലക്ഷ്മണൻ എന്നിവരുമായിരുന്നു എവർഷൈൻ എന്ന നിർമാണ-വിതരണക്കമ്പനിയുടെ സാരഥികൾ. സിനിമാ നിർമാണം അവർക്കു പാരമ്പര്യമായി കിട്ടിയ വ്യവസായമാണ്. തിരുപ്പതി ചെട്ടിയാരുടെ ഭാര്യാപിതാവായ ലേനാചെട്ടിയാർ തമിഴിലെ ആദ്യകാല നിർമാതാക്കളിൽ പ്രധാനിയായിരുന്നു.

ചെട്ടിനാട് സ്വദേശിയായ ലേനാ ചെട്ടിയാർ കാർ ബിസിനസിൽനിന്നാണ് സിനിമാനിർമാണത്തിലേക്കു വന്നത്. എം.ജി.ആറിനെ നായകനാക്കി സിനിമ നിർമിച്ചിട്ടുണ്ട് അദ്ദേഹം. തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലളിത​, പത്മിനി, രാഗിണി സഹോദരിമാർക്ക് തമിഴ്‌ സിനിമയിൽ നല്ല അവസരങ്ങൾ നൽകിയ നിർമാതാവ് കൂടിയാണ് ലേനാ ചെട്ടിയാർ എന്ന ലക്ഷ്മണൻ ചെട്ടിയാർ. ഭാര്യാപിതാവിനോടൊപ്പം തമിഴ്‌ സിനിമയിൽ പ്രവർത്തിച്ച പരിചയത്തിന്റെ പശ്ചാത്തലത്തിലാണ് തിരുപ്പതി ചെട്ടിയാർ മലയാള സിനിമാ നിർമാണവും വിതരണവും തുടങ്ങിയത്.

‘ബ്രഹ്മചാരി’ക്കു കഥയും തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദൻ എഴുതി. വയലാറിന്റെ പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തിയാണ് ഈണം പകർന്നത്. യേശുദാസും പി. സുശീലയും പാട്ടുകൾ പാടി. പ്രേംനസീർ, ശാരദ, മോഹൻ ശർമ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, സുജാത, റാണിചന്ദ്ര, ശങ്കരാടി, ടി.ആർ. ഓമന തുടങ്ങിയ നടീനടന്മാർ ‘ബ്രഹ്മചാരി’യിൽ അഭിനയിച്ചു. ആകെയുള്ള അഞ്ചു പാട്ടുകളിൽ നാല് പാട്ടുകൾ യേശുദാസും ഒരു ഗാനം സുശീലയുമാണ് പാടിയത്.

‘‘ചിത്രശിലാപാളികൾകൊണ്ടൊരു/ ശ്രീകോവിലകം ഞാൻ തീർത്തു -അതിൽ/ നിത്യമെനിക്കാരാധിക്കാൻ –നിന്റെ/ വിഗ്രഹം കണ്ടെടുത്തു’’ എന്ന ഗാനം സൂപ്പർഹിറ്റ് ആണെന്നറിയാമല്ലോ.

‘‘നീയാം മേനക നൃത്തംവെക്കും/ നാൽപാമരക്കാട്ടിൽ / ഏതോ പുഷ്പശരം കൊണ്ടിന്നലെ/ എന്റെ തപസ്സിളകി... കാമിനീ/ എന്റെ തപസ്സിളകി’’ എന്നിങ്ങനെ തുടരുന്ന ഈ പാട്ട് വയലാറിന്റെ രചനാകൗശലംകൊണ്ടും സ്വാമിയുടെ രാഗലാളനംകൊണ്ടും അനശ്വരതയാർജിച്ചു. എന്നാൽ, യേശുദാസ് തന്നെ ആലപിച്ച മറ്റു മൂന്നു പാട്ടുകൾക്ക് അത്രയും ജനപ്രീതി ലഭിച്ചില്ല.

‘‘ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ/ പ്രാകൃതയുഗമുഖഛായകളേ/ തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കും/ ഈ തിരകളും നിങ്ങളും ഒരുപോലെ’’ എന്നു തുടങ്ങുന്ന ഗാനത്തിലെ ചരണം ഏറെ ആകർഷകമാണ്.

‘‘ആകാശഗോപുരത്തിൻ മുകളിലുദിച്ചോ-/ രാദിത്യബിംബമിതാ കടലിൽ മുങ്ങി/ ആയിരമുറുമികൾ ഊരി വീശി/ അംബര പടവിനു മതില് കെട്ടി/ പകൽ വാണ പെരുമാളിൻ രാജ്യഭാരം വെറും/ പതിനഞ്ചു നാഴിക മാത്രം.’’ ‘‘ഇന്നലത്തെ വെണ്ണിലാവിൻ മടിയിൽനിന്നോ’’ എന്നു തുടങ്ങുന്ന ഗാനവും ‘‘പതിനേഴു തികയാത്ത യുവതീ’’ എന്നു തുടങ്ങുന്ന ഗാനവും വേണ്ടത്ര ശോഭിച്ചില്ല.

‘‘ഇന്നലത്തെ വെണ്ണിലാവിൻ മുടിയിൽനിന്നോ/ ഇന്ദ്രധനുസ്സിൻ മടിയിൽനിന്നോ/ ഇന്നെന്റെ മുറ്റത്ത് പൂവിടാൻ വന്നു നീ/ ഇത്തിരിപ്പൂവേ കിളുന്നു പൂവേ...’’ എന്നിങ്ങനെയാണ് വരികൾ.

‘‘പതിനേഴു തികയാത്ത യുവതീ/ കാണികൾക്കു നീ രൂപവതി -പ്രിയ/ കാമുകർക്കു നീ പ്രേമവതി... പ്രകൃതീ...’’ എന്നു പല്ലവിയുള്ള പാട്ടും ജനങ്ങൾ ഹിറ്റ് ആക്കിയില്ല.

പി. സുശീല പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കരയൂ നീ കരയൂ/ കരയുന്ന കുഞ്ഞിനേ പാല് കിട്ടൂ/ നൊന്തുരുകുന്ന നെഞ്ചിനേ നീതി കിട്ടൂ.../ സീതയും ഊർമിളയും ജനിച്ച കാലം മുതൽ/ ശപിക്കപ്പെട്ടവരല്ലോ സ്ത്രീകൾ / ശപിക്കപ്പെട്ടവരല്ലോ/ എത്രയോ രേണുകമാർ, അഹല്യമാർ/ ശകുന്തളമാർ/ നിത്യഗദ്ഗദങ്ങളായി -ഭൂമിയിലെ/ ദുഃഖസ്മരണകളായി...’’

‘ബ്രഹ്മചാരി’യിലെ അഞ്ചു പാട്ടുകളിൽ ‘‘ചിത്രശിലാപാളികൾ...’’ കഴിഞ്ഞാൽ ഓർമയിൽ തെല്ലെങ്കിലും മുഴങ്ങുന്നത് യേശുദാസ് പാടിയ ‘‘ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ...’’ എന്ന ഗാനമാണ്. 1972 ഒക്ടോബർ 13ന്​ പുറത്തുവന്ന ഈ എവർഷൈൻ സിനിമ സാമ്പത്തികവിജയം നേടി.

കെ. സുകു എന്ന കെ. സുകുമാരൻ നായർ ദീർഘകാലം സംവിധാനത്തിൽ എ. വിൻസെന്റിന്റെ സഹായിയായിരുന്നു. ഭാവനാചിത്ര എന്ന ബാനറിൽ അദ്ദേഹം സ്വന്തമായി നിർമിച്ച് സംവിധാനംചെയ്ത സിനിമയാണ് ‘അനന്തശയനം’. കാട്ടാക്കട ദിവാകരന്റെ അതേ പേരിലുള്ള നോവലിന്റെ ഒരു ഭാഗം മാത്രമാണ് ‘അനന്തശയനം’ എന്ന ചിത്രത്തിന് അവലംബം. തന്നേക്കാൾ പ്രായം കൂടിയ ഒരു സ്ത്രീയോട് ഒരു യുവാവിന് തോന്നുന്ന പ്രണയവും അത് സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളുമാണ് ചലച്ചിത്രകഥയുടെ കാതൽ. തെലുഗു നടനായ ചന്ദ്രമോഹൻ നായകനും പ്രശസ്ത നടി ഷീല നായികയുമായി.

ജഗതി എൻ.കെ. ആചാരി ചിത്രത്തിന് തിരക്കഥയും സംഭാഷണവും തയാറാക്കി. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങൾക്ക് കെ. രാഘവൻ ഈണം നൽകി. പി. ജയചന്ദ്രൻ, കെ.പി. ബ്രഹ്മാനന്ദൻ, പി. സുശീല, എസ്. ജാനകി, ബി. വസന്ത എന്നിവർ പാട്ടുകൾ പാടി. ‘കള്ളിച്ചെല്ലമ്മ’യിലൂടെ ബ്രഹ്മാനന്ദനെ സിനിമയിൽ പിന്നണി ഗായകനായി അവതരിപ്പിച്ച കെ. രാഘവൻ മാസ്റ്റർ തുടർന്നും ആ ഗായകന് അവസരങ്ങൾ നൽകി എന്നതിന് തെളിവാണ് ‘അനന്തശയന’ത്തിലെ ഗാനം. യേശുദാസിന്റെ ഒരുഗാനംപോലും ഈ സിനിമയിൽ ഉണ്ടായിരുന്നില്ല. ബ്രഹ്മാനന്ദൻ പാടിയ ഗാനമിതാണ്.

 

‘‘മാരിവിൽ ഗോപുരവാതിൽ തുറന്നു/ മാലാഖയായ്‌ നീ വന്നു/ ആദ്യാനുരാഗത്തിൻ ഹർഷാനുഭൂതിയിൽ/ ആത്മാവിൻ ആരാമം പൂത്തു...’’ വളരെ ലളിതമാണ് ഈ പാട്ടിന്റെ ഈണം. പാട്ടിന്റെ ആദ്യ ചരണം ഇങ്ങനെ: ‘‘മണ്ണിലെ മോഹത്തിൻ തളിരായ് വിടർന്ന ഞാൻ/ എൻ നില പാടേ മറന്നുപോയി.../ ആരോമലാളുമൊത്താകാശ തീർഥത്തിൽ / ആറാടുവാൻ ഞാൻ കൊതിച്ചുപോയി.’’

ജയചന്ദ്രൻ പാടിയ ‘‘മാനവഹൃദയം ഭ്രാന്താലയം’’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. ‘‘മാനവഹൃദയം ഭ്രാന്താലയം/ മാറാത്ത രോഗത്തിൻ നൃത്താലയം/ ഓരോ വികാരവും ഓരോ ഭ്രാന്തൻ/ ഓടിയലഞ്ഞു മരിക്കും പാന്ഥൻ.’’

നായകനും നായികയും തമ്മിലുള്ള അസാധാരണബന്ധം ഇരുവരെയും മാനസിക സമ്മർദത്തിൽ വീഴ്ത്തുമ്പോൾ വരുന്ന പാട്ടാണിത്. ‘‘അതിരുകൾ കാണാത്ത ഭൂമി / അതിലൊരു ബിന്ദുവാം മനുഷ്യൻ/ ജീവിതമെന്നൊരു വ്യാമോഹസ്വപ്നത്തെ/ തേടുന്നു നിദ്രക്കു മുമ്പേ -പാവം /തേടുന്നു നിദ്രക്കു മുമ്പേ.../വ്യർഥം ഈ വഴിയാത്ര!’’

എസ്. ജാനകി പാടിയ ഗാനം ‘‘ഉദയചന്ദ്രികേ...’’ എന്ന് ആരംഭിക്കുന്നു: ‘‘ഉദയചന്ദ്രികേ രജതചന്ദ്രികേ/ ഉദ്യാനപുഷ്പത്തിൻ പ്രേമകവാടം/ തുറന്നു തരൂ... തുറന്നു തരൂ.../ ഒരു ശലഭത്തിൻ ചുണ്ടു വരണ്ടു/ ഒരു തൈത്തെന്നൽ നിന്നു മുരണ്ടു/ പനിമതീ... കനിയൂ/ പരിരംഭണസുഖമരുളൂ/ വിടരട്ടെ... മലർ വിടരട്ടെ...’’

എസ്. ജാനകി പാടിയ രണ്ടാമത്തെ ഗാനം ‘‘സന്ധ്യാമേഘം’’ എന്നു തുടങ്ങുന്നു. ‘‘സന്ധ്യാമേഘം മാനത്തെഴുതി/ സംഗമസന്ദേശകാവ്യം/ ആ രാഗകവിത തൻ പല്ലവി പാടാൻ/ അണയൂ നീയെന്നരികിൽ/ സോമകിരണമനോഹരധാരയിൽ/ പ്രേമവാടികയുലയുന്നു/ കര കാണാത്ത വികാരസാഗരം/ കന്യകയെന്നെയുണർത്തുന്നു’’ എന്നിങ്ങനെ ഗാനം തുടരുന്നു...

ബി. വസന്ത പാടിയ ഒരു ദുഃഖഭരിതമായ ക്രിസ്ത്യൻ പ്രാർഥനാഗാനവും ‘അനന്തശയന’ത്തിലുണ്ട്. ‘‘ദുഃഖത്തിൻ ഗാഗുൽത്താമലയിൽ -ഈ/ ദുഃസ്വപ്നരാത്രി തൻ ഇരുളിൽ/എന്നാത്മാവും മരക്കുരിശ്ശേന്തി/ എന്റെ പിതാവേ.../ തിരുഹൃദയത്തിൽ സൗരഭം പൂശി/ തൃക്കയ്യാൽ എനിക്കേകിയ പാത്രം/ സ്വർണസ്വപ്നങ്ങൾ പകർന്നതാണിന്നലെ/ ഇന്നതിൽ കണ്ണീരു മാത്രം/ ഈശോ... ഈശോ... ഈശോ...’’

‘അനന്തശയന’ത്തിലെ ഗാനങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ജനപ്രീതി നേടിയില്ല. കഥക്ക് അനുയോജ്യമായ സംഗീതം എന്നതാണ് കെ. രാഘവൻ മാസ്റ്ററുടെ ദർശനം. ‘‘പാട്ടുകളൊക്കെ ഹിറ്റ് ആകണം. കേട്ടോ മാഷേ....’’ എന്നു സംവിധായകനോ നിർമാതാവോ സൂചിപ്പിച്ചാൽ അദ്ദേഹം ഇങ്ങനെ മറുപടി പറയും: ‘‘പാട്ടുണ്ടാക്കുന്നത് എന്റെ ജോലി. കഥക്കും വരികൾക്കും യോജിക്കുന്ന സംഗീതമേ ഞാനുണ്ടാക്കൂ... ഹിറ്റ് ആക്കേണ്ടത്‌ സിനിമ കാണുകയും പാട്ടു കേൾക്കുകയും ചെയ്യുന്നവരുടെ ജോലി.’’

1972 ഒക്ടോബർ 27ന് ‘അനന്തശയനം’ റിലീസ് ചെയ്തു, അക്കാലത്ത് തെലുഗു സിനിമയിലെ യുവനടനായിരുന്ന ചന്ദ്രമോഹനെ മലയാളി പ്രേക്ഷകർ നായകനായി അംഗീകരിക്കുകയുണ്ടായില്ല. ഷീല മികച്ച അഭിനയം കാഴ്ചവെച്ച ചിത്രമാണ് ‘അനന്തശയനം’. കാട്ടാക്കട ദിവാകരന്റെ അനന്തശയനം എന്ന നോവൽ വായിച്ചിട്ടുള്ളവർക്ക് അതിലെ ചില കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തി ക്കൊണ്ടുള്ള തിരക്കഥയോടു യോജിക്കാൻ കഴിഞ്ഞില്ല എന്നു തോന്നുന്നു.

നവാഗതനായ ജിപ്‌സൺ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനംചെയ്ത മലയാള ചിത്രമാണ് ‘ലക്ഷ്യം’. നിർമാതാവും അദ്ദേഹംതന്നെയായിരുന്നു. സത്യൻ അഭിനയിച്ച ഈ ചിത്രത്തിന്റെ നിർമാണവും മുടങ്ങിക്കിടന്നിരുന്നു. സത്യനെ കൂടാതെ മധു, ജയഭാരതി, ടി.എസ്. മുത്തയ്യ, ശങ്കരാടി, മീന, ഫിലോമിന രാജകുമാരി, ഖദീജ, പോൾ വെങ്ങോല തുടങ്ങിയവർ അഭിനയിച്ചു. ഷേർളിയുടെ ഗാനങ്ങൾക്ക് എം.കെ. അർജുനൻ സംഗീതം നൽകി. രണ്ടു പാട്ടുകൾ യേശുദാസ് പാടി. പി.ബി. ശ്രീനിവാസ്, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ എന്നിവർ ഓരോ ഗാനം വീതം പാടി.

യേശുദാസ് പാടിയ ആദ്യഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഇന്നു ഞാൻ കാണുന്ന സ്വപ്നമണിപ്പന്തലിൽ/ ഒന്നിച്ചിരിക്കുവാൻ പോരുമോ നീ/ അഭിലാഷം തീർത്തൊരു അനുരാഗമഞ്ചത്തിൽ/ ആടുവാൻ കൂടെ പോരുമോ നീ...?’’ അദ്ദേഹം പാടിയ രണ്ടാമത്തെ പാട്ടിലെ വരികൾ ഇങ്ങനെ: ‘‘ഞെട്ടറ്റു മണ്ണിൽ വീഴുവാനെന്തിനു/ പൊട്ടിവിടരുന്നു മുകുളങ്ങളേ/ പൊലിയുന്ന സന്ധ്യയ്ക്കു സിന്ദൂരമെന്തിന്/ കലി തുള്ളും രജനിക്ക് കരി തേക്കുവാൻ.../ വെളിച്ചമെന്തിന് തകരുന്നു ദീപം/ ഇരുളിന്നു സ്വാഗതമരുളാൻ...’’

സി.ഒ. ആന്റോ പാടിയ ഗാനം മതേതരത്വത്തെക്കുറിച്ചാണ്. ‘‘മാപ്പു ചോദിക്കുന്നു ഞാൻ/ മതഭ്രാന്തു പിടിച്ച ലോകമേ... ലോകമേ/ തെളിയുകയില്ലിനിയൊരുനാളും... ഒരു നാളും/ താളം തെറ്റിയ തകിലടിയാണ്.../ ഒരു ദൈവം ഒരു ജാതി.../ ഒരു ദൈവം ഒരു ജാതി മതമെന്നു പഠിപ്പിച്ച/ ശ്രീനാരായണ ഗുരുവിനെ ക്രൂശിക്കും/ മതഭ്രാന്തന്മാരേ മാപ്പു ചോദിക്കുന്നു ഞാൻ...’’ ഇങ്ങനെ തുടരുന്നു ഷേർളിയുടെ രചന. ഗദ്യരൂപത്തിലുള്ള വരികളെ സംഗീതത്താലും കഴിയുന്നത്ര അലങ്കരിക്കാൻ എം.കെ. അർജുനൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. പി.ബി. ശ്രീനിവാസ് പാടിയ ഗാനമിതാണ്:

‘‘പാപത്തിൻ കുരിശേന്തി/ യേശു മിശിഹാ -അന്നു/ മരക്കുരിശേന്തി/ വിസ്താരനേരത്തവൻ മൗനമായ് തന്നെ നിന്നു -/ അവർ വാസ്തവം മറച്ചില്ലേ/ സത്യവും മരിച്ചില്ലേ..?/ഭാരമാം കുരിശുംകൊണ്ട് കാൽവരി മലയേറി/ കാൽ തെറ്റി വീണ നേരം കദനത്താൽ പിടഞ്ഞില്ലേ?/ മരക്കുരിശേ മരക്കുരിശേ...’’ എന്നിങ്ങനെ ഈ ഗാനം തുടരുന്നു. കവി കൂടിയായ പി.ബി. ശ്രീനിവാസ് ഈ ഗാനം പാടിയെന്നോർക്കുമ്പോൾ സിനിമയിൽ കലാകാരന്മാർക്ക് നേരിടേണ്ടിവരുന്ന പരിമിതികളെക്കുറിച്ച് ഓർത്തുപോകുന്നു.

എൽ.ആർ. ഈശ്വരി പാടിയ ഒരു ഗാനവും ‘ലക്ഷ്യം’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. ‘‘ദാഹം... ഈ മോഹം.../ മദനമദാലസപുളകം –എന്നും/ തീരാത്ത തീരാത്ത മോഹം/ കണ്ണിൻ ദാഹം, കരളിൻ മോഹം.../ കാണാത്ത കാണാത്ത രോഗം/ മധുരം ചുണ്ടിൽ മനസ്സിൽ മദനം/ തീരാത്ത തീരാത്ത പുളകം/ ഇത് ആനന്ദലഹരി...’’

പതിവായി സിനിമാ ഗാനങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് ഗാനരചനയും സംഗീതസംവിധാനവും ആർക്കും പെട്ടെന്ന് ചെയ്യാവുന്ന പണിയാണെന്നു തോന്നിയേക്കാം. ഈ ചിത്രത്തിന് പാട്ടുകൾ രചിച്ച ഷേർളിയും അവരുടെ കൂട്ടത്തിൽപെടുന്നു. എന്നാൽ, സത്യം അതല്ലെന്നു കാണാൻ ആ രംഗത്തിറങ്ങുമ്പോൾ അവർക്കു മനസ്സിലാകും. 1972 നവംബർ 10ന് തിയറ്ററുകളിൽ വന്ന ‘ലക്ഷ്യം’ എന്ന ചിത്രം ദയനീയ പരാജയമായി.

 

പി. സുശീല, കെ.പി. ബ്രഹ്മാനന്ദൻ

പി. സുശീല, കെ.പി. ബ്രഹ്മാനന്ദൻ

‘ലക്ഷ്യം’ റിലീസ് ആയ ദിവസംതന്നെ കേരളത്തിൽ പ്രദർശനം തുടങ്ങിയ മറ്റൊരു സിനിമയാണ് ‘പുത്രകാമേഷ്ടി’. കടവൂർ ചന്ദ്രന്പിള്ളയുടെ അതേ പേരിലുള്ള നാടകമാണ് ചലച്ചിത്രമായത്. ക്രോസ്ബെൽറ്റ് മണി ഈ സിനിമ സംവിധാനംചെയ്തു. മധു, ഷീല, റാണിചന്ദ്ര, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ, പ്രേമ, മീന, വീരൻ, വഞ്ചിയൂർ രാധ തുടങ്ങിയവർ അഭിനയിച്ചു. വയലാർ എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. ബ്രഹ്മാനന്ദൻ പാടിയ ഒരു ഹിറ്റ് ഗാനം ഈ സിനിമയിലുണ്ട്.

‘‘ചന്ദ്രികാചർച്ചിതമാം രാത്രിയോടോ/ ചെമ്പക പൂവനക്കുളിരിനോടോ/ ഏതിനോടെതിനോടുപമിക്കും ഞാൻ / ഏഴഴകുള്ളൊരു ലജ്ജയോടോ..?’’ എന്നു തുടങ്ങുന്ന ഗാനം പ്രണയഗന്ധം തുളുമ്പുന്നതുതന്നെ. വരികളും ഈണവും ലളിതം. ഗമകങ്ങളുടെ അമിതപ്രയോഗങ്ങളില്ലാതെയാണ് ദക്ഷിണാമൂർത്തി സ്വാമി വരികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

‘‘മന്മഥഗൃഹത്തിൻ മണിയറ തുറക്കും/ വെണ്മണി ശിൽപത്തിനോടോ/ രഹസ്യാഭിലാഷങ്ങൾ മിഴികളാലറിയിക്കും/ രവിവർമ ചിത്രത്തിനോടോ/ നീ പറയൂ നീലാംബുജമിഴി നീ പറയൂ/ നീ പറയൂ...’’

വി. ദക്ഷിണാമൂർത്തിയും എം.കെ. അർജുനനുമാണ് ബ്രഹ്മാനന്ദന് കൂടുതൽ അവസരങ്ങൾ നൽകിയത്. അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ ഭംഗിയും പരിധിയും ഈ സംഗീതസംവിധായകർക്കറിയാം. അതിന് അനുസൃതമായ രീതിയിൽ അവർ പാട്ടു ചിട്ടപ്പെടുത്തും. മലയാളത്തിൽ ഏറ്റവുമധികം പാട്ടുകൾക്ക് ഈണം പകർന്ന ദേവരാജൻ മാസ്റ്റർ ബ്രഹ്മാനന്ദന്റെ ശബ്ദത്തിനു പിന്തുണ നൽകിയില്ല. യേശുദാസിനു പകരമായി എം.ജി. രാധാകൃഷ്ണൻ, അയിരൂർ സദാശിവൻ, ശ്രീകാന്ത്, നിലമ്പൂർ കാർത്തികേയൻ തുടങ്ങി അനേകം പേരുടെ ശബ്ദങ്ങൾ പരീക്ഷിച്ച ദേവരാജൻ മാസ്റ്റർ എന്തുകൊണ്ടോ ആ കൂട്ടത്തിൽ ബ്രഹ്മാനന്ദനെ ഉൾപ്പെടുത്തിയില്ല.

അതുകൊണ്ടാണ് ബ്രഹ്മാനന്ദന് പാട്ടുകൾ കുറഞ്ഞുപോയത്. തീർച്ചയായും ദേവരാജൻ മാസ്റ്റർക്ക് പറയാൻ കാരണങ്ങൾ ഉണ്ടാകും. സ്വന്തം കാഴ്ചപ്പാടുകളിൽ ഉറച്ചുനിന്ന സംഗീതജ്ഞനാണ് പരവൂർ ജി. ദേവരാജൻ. ഈ ലേഖകൻ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യുന്നില്ല. യേശുദാസ് പാടിയ ‘‘തോറ്റു മരണമേ തോറ്റു’’ എന്ന പാട്ട് കഥാസന്ദർഭവുമായി ലയിച്ചു ചേരുന്നതാണ്.

‘‘തോറ്റു മരണമേ തോറ്റു/ തോറ്റു മരണമേ തോറ്റു/ കൂപ്പുകൈക്കുമ്പിളിൽ ബാഷ്‌പോദകവുമായ്/ മാപ്പു ചോദിക്കുന്നു തലമുറകൾ മാപ്പു ചോദിക്കുന്നു.’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഒളിച്ചു നിന്നു നീ ഒളിയമ്പെയ്തു നീ/ ഒരു ദേവതയെ കൂടി/ എരിയുന്ന ചിതയിലേക്കെറിഞ്ഞു നീ/ ഒരു മാംസപഞ്ജരം കൂടി/ തോറ്റു മരണമേ തോറ്റു...’’ പി. സുശീല പാടിയ ‘‘ഓർമകളേ... ഓർമകളേ’’ എന്ന ഗാനം നായിക പാടുന്നതാണ്.

‘‘ഓർമകളേ... ഓർമകളേ/ ഒഴുകിയൊഴുകിയൊഴുകി വരും ഓളങ്ങളേ/ കുഞ്ഞുകുഞ്ഞുന്നാളിൽ നമ്മൾ/ ആയിരം കടലാസു വഞ്ചികളിലൊഴുക്കിയ മോഹങ്ങളേ/ ഓമനിപ്പൂ നിങ്ങളെ ഞാൻ ഓമനിപ്പൂ...’’ തുടർന്നുവരുന്ന ചരണത്തിൽ ഓർമയിൽ തെളിയുന്ന ചിത്രങ്ങൾ കാണാം.

‘‘തൃപ്പൂണിത്തുറയിലെ അത്തച്ചമയം/ തൃക്കൺ പാർത്തുവന്ന ചിങ്ങമാസം -അന്ന്/ മുറ്റത്തേക്കോടിവന്ന ചിങ്ങമാസം/ പുത്തിലഞ്ഞിക്കാടുകളെ പൊന്നേലസ്സണിയിക്കാൻ/ മുത്തുക്കുടക്കീഴിൽ വന്ന ചിങ്ങമാസം -എന്നെ/പുഷ്പിണിയാക്കിയ ചിങ്ങമാസം...’’

എസ്. ജാനകി പാടിയ, ‘‘മാസം മധുമാസം/ ഇതു മധുമാസം/ മദിരാക്ഷികളുടെ മണിമിഴിക്കോണിൽ/ മധുരമധുരോന്മാദം... ഉന്മാദം’’ എന്ന് തുടങ്ങുന്നു ചിത്രത്തിലെ മറ്റൊരു ഗാനം. യേശുദാസും പി. ലീലയും സംഘവും പാടിയ ഹാസ്യരസപ്രധാനമായ ഗാനം സാധാരണ പ്രേക്ഷകരെ ആകർഷിച്ചു.

‘‘എനിക്കു മേലമ്മോ ഈ ഭൂമിയിലെ പൊറുതി/ ഏതു നേരവും കലപില കലപില/ എഴുപതു നേരവും കശപിശ കശപിശ/ പച്ചെല പഴുത്തെല പച്ചെല പഴുത്തെല -പൂഹോയ്/ കാലത്തെണീക്കണം കഞ്ഞിയനത്തണം/ കാക്കത്തൊള്ളായിരം കിണ്ണം നിരത്തണം/ ചൊല്ലുവിളിയില്ലാത്ത പിള്ളേരെ വളർത്തണം/ പിള്ളേരുടച്ഛനു പേൻ നോക്കി കൊടുക്കണം...’’

രസകരമായ ഈ പാട്ട് യേശുദാസും പി. ലീലയും ചേർന്ന് നന്നായി ആലപിച്ചു. ഹാസ്യനടി അടൂർ പങ്കജത്തിന്റെ ശബ്ദവും ഈ ഗാനത്തിനിടയിൽ വരുന്നുണ്ടെന്നാണ് ഓർമ. ഏതായാലും ‘പുത്രകാമേഷ്ടി’ എന്ന ചിത്രത്തിലെ വിനോദപ്രദമായ ദൃശ്യങ്ങളിൽ ഈ ഗാനചിത്രീകരണം മുന്നിൽ നിൽക്കുന്നു.

 

 വി. ദക്ഷിണാമൂർത്തി, യേശുദാസ്

 വി. ദക്ഷിണാമൂർത്തി, യേശുദാസ്

1972 നവംബർ 10ന് പുറത്തുവന്ന ‘പുത്രകാമേഷ്ടി’ എന്ന ചിത്രം സാമാന്യവിജയം നേടി. അതേ ദിവസംതന്നെ തിയറ്ററുകളിലെത്തിയ ‘ലക്ഷ്യം’ എന്ന സിനിമ സമ്പൂർണ പരാജയമായത് ‘പുത്രകാമേഷ്ടി’ക്ക് സഹായകരമായി.

(തുടരും)

News Summary - weekly sangetha yathrakal